Shammah Visual Ministry, Karukutty. (Part of Signature Visual Media)
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും നന്മയുടെ വഴിയെ സഞ്ചരിക്കാന്‍ ഉപകാരപ്രദമാകുന്ന വചനചിന്തകള്‍ ചുരുങ്ങിയ സമയദൈര്‍ഘ്യത്തില്‍.... പ്രകാശത്തിന്‍റെ വചനങ്ങളിലൂടെയും വിശുദ്ധരുടെ വഴികളിലൂടെയും അനുഭവ സാക്ഷ്യങ്ങളിലൂടെയും ചലച്ചിത്രാവിഷ്കാരങ്ങളിലൂടെയും Action Song കളിലൂടെയും ദൈവരാജ്യ അനുഭവത്തിലേക്ക് നിങ്ങളെ കൂട്ടികൊണ്ടുപോകുന്ന വൈദികരും സന്യാസിനികളും അല്‍മായ ശുശ്രൂഷകരും കുട്ടികളും യുവജനങ്ങളും ഒരുക്കുന്ന സ്വര്‍ഗ്ഗീയ വിരുന്ന്... കാണുക പങ്കുവയ്ക്കുക...


SVM KARUKUTTY

അനുദിനവിശുദ്ധര്‍ : ജനുവരി 24
വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസ്‌

1567 ആഗസ്റ്റ്‌ 21ന് ആണ് വിശുദ്ധ ഫ്രാന്‍സിസ്‌ ജനിച്ചത്‌, 1593-ല്‍ വിശുദ്ധന് പുരോഹിത പട്ടം ലഭിച്ചു. 1594 മുതല്‍ 1598 വരെ ചാബ്ലയിസിലെ പ്രൊട്ടസ്റ്റന്റു വിഭാഗങ്ങള്‍ക്കിടയില്‍ സുവിശേഷം പ്രഘോഷിക്കുക എന്ന കഠിനവും അപകടകരവുമായ ദൗത്യത്തിനായി അദ്ദേഹം നിയോഗിക്കപ്പെട്ടു. വിശുദ്ധന്റെ ശ്രമഫലമായി ഏതാണ്ട് 70,000 ത്തോളം ആത്മാക്കളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ടുവരുവാന്‍ വിശുദ്ധനു കഴിഞ്ഞു.

1602-ല്‍ വിശുദ്ധന്‍ ജെന്‍ഫിലെ മെത്രാനായി അഭിഷിക്തനായി, വിശ്വാസികള്‍ക്ക്‌ വേണ്ടിയുള്ള അദ്ദേഹത്തിന്റെ അതിശക്തമായ അത്യുത്സാഹം സാക്ഷിപ്പെടുത്തുന്ന ഏതാണ്ട് 21,000ത്തോളം എഴുത്തുകളും 40,000 ത്തോളം പ്രഭാഷണരേഖകളും കണ്ടുകിട്ടിയിട്ടുണ്ട്. വിശുദ്ധ പൗലോസ് ശ്ലീഹായുടെ “ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി തീര്‍ന്നു" എന്ന വാക്കുകള്‍ സ്വജീവിതത്തില്‍ പ്രയോഗികമാക്കിയ അദ്ദേഹം അനേകര്‍ക്ക് മുന്നില്‍ ശ്രദ്ധേയനായി.

വിശുദ്ധന്റെ വിജയത്തിന്റെ രഹസ്യമായ അനുകമ്പ, സ്നേഹം എന്നീ രണ്ടു വാക്കുകള്‍ കൊണ്ട് വിശുദ്ധന്റെ സ്വഭാവത്തെ വിവരിക്കുവാന്‍ നമുക്ക്‌ കഴിയും. അദ്ദേഹത്തിന്റെ രചനകള്‍ കാരുണ്യവും, ദൈവമഹത്വവും പ്രതിഫലിക്കുന്നവയാണ്. ഏറ്റവും പരക്കെ പ്രസിദ്ധമായത് അദ്ദേഹത്തിന്റെ ക്രിസ്തുവിനെ മാതൃകയാക്കികൊണ്ടുള്ള ‘ഭക്തിജീവിതത്തിലേക്കുള്ള ഒരാമുഖം’ (Introduction to the Devout Liffe) എന്ന രചനയാണ്. ഇത് ക്രിസ്തീയ പരിപൂര്‍ണ്ണതയുടെ രേഖാചിത്രമായി പരിഗണിക്കപ്പെടുന്നു.

വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിതശൈലി ഒരു വ്യക്തിയെ, സൗമ്യനും, സന്തോഷവാനുമാക്കി തീര്‍ക്കാനുതകുന്നത് ആയിരിന്നു. വിശുദ്ധയായ ഫ്രാന്‍സിസ്‌ ഡി ശന്താലുമായിട്ടുള്ള ഫ്രാന്‍സിസ് സാലസിന്റെ സൗഹൃദം കേള്‍വികേട്ടതുമായിരുന്നു. അദ്ദേഹം ഈ വിശുദ്ധയുടെ സഹകരണത്തോടെ 1610-ല്‍ ‘വിസിറ്റേഷന്‍ സന്യസിനീമാര്‍’ എന്ന സന്യാസിനീ സഭക്ക്‌ രൂപം നല്‍കി. തന്റെ രൂപതയോടുള്ള സ്നേഹം മൂലം വിശുദ്ധന്‍ നിരവധി ശ്രേഷ്ഠ പദവികള്‍ നിരസിച്ചു, കര്‍ദ്ദിനാള്‍ പദവിയും ഇതില്‍ ഉള്‍പ്പെടുന്നു. വിശുദ്ധന്റെ ‘ആമുഖവും’ മറ്റ് രചനകളും കണക്കിലെടുത്ത് തിരുസഭ വിശുദ്ധനെ സഭയുടെ വേദപാരംഗതന്‍മാരില്‍ ഒരാളായി പ്രഖ്യാപിച്ചിട്ടുണ്ട്.

അദ്ദേഹം ജന്മംകൊണ്ട് ഒരു വിശുദ്ധനായിരുന്നില്ല. ഒരു മുന്‍കോപിയും, പെട്ടെന്ന്‍ കോപം കൊണ്ട് ജ്വലിക്കുന്ന സ്വഭാവത്തോടു കൂടിയവനുമായിരുന്നു വിശുദ്ധന്‍. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഒരു ചെറിയ കാര്യം മതിയായിരിന്നു കോപിഷ്ടനായി അക്രമപ്രവര്‍ത്തനങ്ങളിലേക്ക് എടുത്തുചാടുവാന്‍. വളരെയേറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിശുദ്ധനു തന്റെ അക്ഷമക്കും, അകാരണമായ കോപത്തിനും മേല്‍ കടിഞ്ഞാണിട്ടത്.

മെത്രാനായിരുന്നപ്പോള്‍ പോലും ചില സമയങ്ങളില്‍ (ഉദാഹരണത്തിന്: അദ്ദേഹത്തിന്റെ പ്രാഭാഷണം തീരുന്നതിനു മുന്‍പ്‌ ആരെങ്കിലും ബെല്ലടിച്ചാല്‍) വിശുദ്ധന്‍ തന്റെ ആത്മനിയന്ത്രണം കൈവിടുമായിരുന്നു. ഇതില്‍ പ്രധാനപ്പെട്ട കാര്യം, തീര്‍ച്ചയായും നിരന്തരമായ അക്ഷീണ പരിശ്രമം മൂലമാണ് വിശുദ്ധന്‍ തന്റെ പരിപൂര്‍ണ്ണ ആത്മനിയന്ത്രണം സാധ്യമാക്കിയതെന്നതാണ്. അദ്ദേഹത്തിന്റെ ആത്മനിയന്ത്രണ കഴിവിനെ നിരവധി ദൈവശാസ്ത്ര പണ്ഡിതര്‍ വര്‍ണ്ണിക്കുന്നത് കാണാന്‍ സാധിയ്ക്കും.

21 hours ago | [YT] | 188

SVM KARUKUTTY

അനുദിനവിശുദ്ധര്‍ : ജനുവരി 23
വിശുദ്ധ ഇദേഫോണ്‍സസ്

സ്പെയിനില്‍ വളരെയേറെ ആദരിക്കപ്പെട്ട ഒരു വിശുദ്ധനാണ് വിശുദ്ധ ഇദേഫോണ്‍സസ്, പരിശുദ്ധ ദൈവമാതാവിനോടുള്ള തന്റെ അഗാധമായ ഭക്തിമൂലമാണ് ഈ വിശുദ്ധന്‍ ഏറ്റവുമധികം അറിയപ്പെടുന്നത്. കന്യകാ മാതാവിനോടുള്ള തന്റെ ഭക്തി മാതാവിന്റെ 'നിത്യമായ കന്യകാത്വത്തെ' പ്രതിപാദിക്കുന്ന തന്റെ പ്രസിദ്ധമായ ഒരു കൃതിയില്‍ വിശുദ്ധന്‍ പ്രകടിപ്പിച്ചിരിക്കുന്നു.

607-ല്‍ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധന്‍ ജനിക്കുന്നത്. വിശുദ്ധ ഇദേഫോണ്‍സസ്, സെവില്ലേയിലെ വിശുദ്ധ ഇസിദോറിന്റെ ശിഷ്യനായിരിന്നുവെന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്.

വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം ടോള്‍ഡോക്ക് സമീപമുള്ള അഗാലിയായിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്നു, ക്രമേണ അവിടത്തെ അശ്രമാധിപനായി തീരുകയും ചെയ്തു. ഈ അധികാരത്തിന്റെ പുറത്താണ് വിശുദ്ധന്‍ 653 ലേയും 655 ലേയും ടോള്‍ഡോയിലെ കൌണ്‍സിലുകളില്‍ പങ്കെടുത്തത്.

657-ല്‍ പുരോഹിതരും ജനങ്ങളും ഇദേഫോണ്‍സിനെ, അദ്ദേഹത്തിന്റെ അമ്മാവനായ യൂജെനിയൂസിന്റെ പിന്‍ഗാമിയായി ടോള്‍ഡോയിലെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. മരണം വരെ വിശുദ്ധന്‍ തന്റെ സഭാപരമായ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ ശുഷ്കാന്തിയോടും പവിത്രതയോടും കൂടി നിര്‍വഹിച്ചു. മധ്യകാലഘട്ടങ്ങളിലെ കലാകാരന്‍മാരുടെ ഒരു പ്രധാനപ്പെട്ട വിഷയമായിരുന്നു വിശുദ്ധ ഇദേഫോണ്‍സസ്. പരിശുദ്ധമാതാവ് വിശുദ്ധന് പ്രത്യക്ഷപ്പെടുകയും, ഒരു കാസ സമ്മാനിക്കുകയും ചെയ്തുവെന്ന് ദൈവശാസ്ത്ര പണ്ഡിതര്‍ പറയുന്നുണ്ട്.

വളരെയേറെ പ്രചാരം നേടിയ ഒരു എഴുത്ത്കാരന്‍ കൂടിയായിരുന്നു വിശുദ്ധ ഇദേഫോണ്‍സസ്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ രചനകളില്‍ വെറും നാലെണ്ണം മാത്രമേ ചരിത്രകാരന്മാര്‍ക്ക് ലഭിച്ചിട്ടുള്ളൂ. ‘പ്രസിദ്ധരായ മനുഷ്യരെ സംബന്ധിച്ച്’ (Concerning Famous Men) എന്ന കൃതി ഏഴാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടങ്ങളിലെ സ്പെയിനിലെ സഭയുടെ ചരിത്രത്തെ കുറിക്കുന്ന ഒരു പ്രധാനപ്പെട്ട രേഖകൂടിയാണ്. 667 ല്‍ വിശുദ്ധ ഇദേഫോണ്‍സസ് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.

1 day ago | [YT] | 171

SVM KARUKUTTY

അനുദിനവിശുദ്ധര്‍ : ജനുവരി 22
രക്തസാക്ഷിയായ വിശുദ്ധ വിന്‍സെന്റ്‌

304-ല്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ രക്തസാക്ഷിത്വ മകുടം ചൂടിയ വിശുദ്ധ വിന്‍സെന്റ്‌ സറഗോസ്സയിലെ ഒരു ഡീക്കന്‍ ആയിരുന്നു. 275ലെ മതപ്രഭാഷണത്തില്‍ വിശുദ്ധ അഗസ്റ്റിന്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് പോലെ നാലാം നൂറ്റാണ്ടിന്റെ അവസാനംവരെ ആഫ്രിക്കയിലെ ദേവാലയങ്ങളില്‍ ഈ വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ വായിച്ചിരുന്നു. ഇപ്പോള്‍ അറിവായിട്ടുള്ളവ വിവരങ്ങള്‍ 8, 9 നൂറ്റാണ്ടുകളിലെ പാരമ്പര്യങ്ങളില്‍ നിന്ന് ശേഖരിച്ചവയാണ്.
വിശുദ്ധന്റെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള പ്രൂഡെന്റിയൂസിന്റെ ലേഖനപ്രകാരം സ്പെയിനിലെ സറഗോസയിലാണ് വിശുദ്ധന്‍ ജനിച്ചത്. യൂത്തിസിയൂസ്-എനോല എന്നായിരുന്നു വിശുദ്ധന്റെ മാതാപിതാക്കളുടെ പേര്. സറഗോസയിലെ മെത്രാനായിരുന്ന വലേരിയൂസിന്റെ കീഴില്‍ വിശുദ്ധന്‍ ഉന്നത വിദ്യാഭ്യാസം നേടി. അധികം താമസിയാതെ അദ്ദേഹം ശേമ്മാച്ചനായി (Deacon) നിയമിതനായി. സംസാര തടസ്സം ഉണ്ടായിരുന്ന മെത്രാന്‍ വിശുദ്ധനെ തന്റെ രൂപതയില്‍ പ്രഘോഷണത്തിനായി നിയമിച്ചു.
ഗവര്‍ണര്‍ ആയിരുന്ന ഡാസിയാന്റെ ഉത്തരവിന്‍മേല്‍ വിശുദ്ധനേയും അദ്ദേഹത്തിന്റെ മെത്രാനെയും ചങ്ങലകളാല്‍ ബന്ധനസ്ഥരാക്കി വലെന്‍സിയായിലെക്ക് വലിച്ചിഴച്ചു കൊണ്ടുവരികയും നീണ്ട കാലത്തേക്ക് തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു. വിശുദ്ധ വിന്‍സെന്റ് ചമ്മട്ടി ഉള്‍പ്പെടെയുള്ള മാരകമായ മര്‍ദ്ദന ഉപകരണങ്ങള്‍ കൊണ്ടുള്ള പലവിധ മര്‍ദ്ദനങ്ങള്‍ക്കും വിധേയനായി. അതിനു ശേഷം കൂര്‍ത്ത ഇരുമ്പ് കഷണങ്ങള്‍ വിതറിയ അറയില്‍ അദ്ദേഹത്തെ വീണ്ടും തടവിലാക്കി. പിന്നീട് അദ്ദേഹത്തെ മൃദുവായ മെത്തയില്‍ കിടത്തി അദ്ദേഹത്തിന്റെ സ്ഥിരത നഷ്ടപ്പെടുത്തുവാന്‍ വേണ്ടി മെത്ത നിരന്തരം കുലുക്കി കൊണ്ടിരുന്നു, ഇവിടെ വെച്ചു അദ്ദേഹം ദൈവസന്നിധിയില്‍ യാത്രയായി. വിശുദ്ധന്റെ മൃതദേഹം കഴുകന്‍മാര്‍ക്ക്‌ ഭക്ഷണമാകുവാന്‍ എറിഞ്ഞുകൊടുത്തെങ്കിലും ഒരു കാക്ക അതിനു ചുറ്റും സംരക്ഷകനായി നിലകൊണ്ടു, പിന്നീട് ഗവര്‍ണറായ ഡാസിയന്‍, വിശുദ്ധന്റെ മൃതദേഹം കടലില്‍ ഏറിഞ്ഞെങ്കിലും അത് തീരത്തടിയുകയും, ഭക്തയായ ഒരു വിധവ അത് വേണ്ടും വിധം സംസ്കരിക്കുകയും ചെയ്തു.
പില്‍ക്കാലത്ത്‌ സഭയില്‍ സമാധാനം നിലവില്‍ വന്നതിനു ശേഷം വലെന്‍സിയായുടെ പുറത്ത് ഒരു ദേവാലയം പണികഴിപ്പിച്ചു. 1175-ല്‍ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ലിസ്ബണില്‍ കൊണ്ടുവന്നുവെന്ന് പറയപ്പെടുന്നു. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍, തിരുശേഷിപ്പ് കാസ്ട്രെസിലേക്ക് കൊണ്ടുവന്നു എന്നാണ് പറയുന്നത്. ക്രെമോണ, ബാരി എന്നിവിടങ്ങളിലും വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ഉള്ളതായി അവകാശപ്പെടുന്നു.
ചില്‍ഡെറിക് ഒന്നാമന്‍ വിശുദ്ധന്റെ പാദരക്ഷയുടെ അടിഭാഗവും, വസ്ത്രഭാഗവും 542-ല്‍ പാരീസിലേക്ക്‌ കൊണ്ട് വരികയും വിശുദ്ധന്റെ ആദരണാര്‍ത്ഥം പില്‍ക്കാലത്ത്‌ വിശുദ്ധ ജെര്‍മൈന്‍-ഡെസ്-പ്രിസ് എന്നറിയപ്പെട്ട ഒരു ദേവാലയം പണികഴിപ്പിക്കുകയും ചെയ്തു. 455 മുതലേ വിശുദ്ധന്റെ ഒരു ദേവാലയം ബെസിയേഴ്സിനു സമീപമുള്ള റെജിമോണ്ടില്‍ ഉണ്ടായിരുന്നു. റോമില്‍ മൂന്ന് ദേവാലയങ്ങള്‍ ഈ വിശുദ്ധനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു, ഒന്ന് സെന്റ്‌ പീറ്റേഴ്സിനടുത്തും, മറ്റൊന്ന് ട്രാസ്റ്റ്‌വേരേയിലും, മൂന്നാമത്തേത് ഹോണോറിയൂസ് ഒന്നാമന്‍ (625-38) പണികഴിപ്പിക്കുകയും ചെയ്തു.
ഡാല്‍മാഷിയായിലുള്ള സലോണയിലെ ബസലിക്കയില്‍ നിന്നും കണ്ടെത്തിയ ആറോ, ഏഴോ നൂറ്റാണ്ടിലെ ഒരു സ്തംഭത്തില്‍ വിശുദ്ധന്റെ സ്തുതികള്‍ കൊത്തിവെച്ചിരിക്കുന്നതായി കാണാന്‍ സാധിയ്ക്കും. റോമന്‍ രക്തസാക്ഷി പട്ടികയില്‍ ജനുവരി 22നാണ് ഈ വിശുദ്ധ വിന്‍സെന്‍റിന്റെ മധ്യസ്ഥ തിരുനാള്‍ ദിനമായി സൂചിപ്പിച്ചിട്ടുള്ളത്. ഗ്രീക്ക്കാര്‍ പേര്‍ഷ്യക്കാരനായ വിശുദ്ധ അനസ്താസിയൂസിനോടൊപ്പം, നവംബര്‍ 11ന് ഈ വിശുദ്ധന്റെയും മധ്യസ്ഥ തിരുനാള്‍ ആഘോഷിക്കുന്നു. സ്പെയിനിലെ രക്തസാക്ഷികളില്‍ ഏറ്റവും പ്രസിദ്ധനായ ഈ വിശുദ്ധന്‍ ശെമ്മാച്ചന്‍മാരുടെ ഒരു പ്രതിനിധിയാണ്. ഇഷ്ടികനിര്‍മ്മാണക്കാര്‍, നാവികര്‍ തുടങ്ങിയവരും ഈ വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കാറുണ്ട്.

2 days ago | [YT] | 185

SVM KARUKUTTY

അനുദിനവിശുദ്ധര്‍ : ജനുവരി 21
വിശുദ്ധ ആഗ്നസ്‌

റോമന്‍ ദിനസൂചികയിലെ ഏറ്റവും തിളക്കമാര്‍ന്ന വിശുദ്ധരില്‍ ഒരാളാണ് വിശുദ്ധ ആഗ്നസ്‌. മഹാന്‍മാരായ പല സഭാപിതാക്കളും വളരെയേറെ ബഹുമാനത്തോടെ എടുത്തു പറഞ്ഞിട്ടുള്ള വിശുദ്ധയാണ് വിശുദ്ധ ആഗ്നസ്. വിശുദ്ധ ജെറോം ഇപ്രകാരം എഴുതിയിരിക്കുന്നു “മിക്ക ലോകരാഷ്ട്രങ്ങളും പ്രത്യേകിച്ച് ക്രൈസ്തവ സമൂഹം, വാക്കുകളാലും, രചനകളാലും വിശുദ്ധ ആഗ്നസിന്റെ ജീവിതത്തെ സ്മരിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും . തന്റെ ഇളം പ്രായത്തില്‍ തന്നെ ക്രൂരനായ ഭരണാധികാരിയുടേയും മേല്‍ വിജയം കൈവരിക്കാന്‍ അവള്‍ക്കു കഴിഞ്ഞു.

വിശുദ്ധ ആഗ്നസിന്റെ നാമത്തിന്റെ വേരുകള്‍ തേടിചെല്ലുമ്പോള്‍, കുഞ്ഞാട് എന്നര്‍ത്ഥം വരുന്ന ‘ആഗ്നാ’ എന്ന ലാറ്റിന്‍ പദവും ‘ശുദ്ധി’ എന്നര്‍ത്ഥമാക്കുന്ന ‘ഹാഗ്നെ’ എന്ന ഗ്രീക്ക് പദവും കാണാന്‍ സാധിക്കും. വിശുദ്ധയുടെ മരണത്തിന് എട്ടു ദിവസങ്ങള്‍ക്ക് ശേഷം, നിരനിരയായ കന്യകമാരുടെ അകമ്പടിയോടു കൂടെ, ഒരു കുഞ്ഞാട് വിശുദ്ധയുടെ മാതാപിതാക്കള്‍ക്ക് പ്രത്യക്ഷപ്പെട്ടിരിന്നുവെന്ന് ദൈവശാസ്ത്രപണ്ഡിതര്‍ പറയുന്നുണ്ട്. വിശുദ്ധയുടെ കബറിടത്തിനു മുകളിലായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച ദേവാലയത്തില്‍ മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പാ നിരവധി പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്.

ഒരു ദിവസം ആഗ്നസ്‌ സ്കൂളില്‍ നിന്നും വരുന്ന വഴി, അവിടത്തെ പ്രധാന മുഖ്യന്റെ മകനായ സിംഫ്രോണിയൂസ് അവളെ കാണുവാനിടയായി, അപ്പോള്‍ അവള്‍ക്ക് പതിമൂന്ന് വയസ്സേ ഉണ്ടായിരുന്നുള്ളു. പ്രഥമ ദര്‍ശനത്തില്‍ തന്നെ അവളില്‍ ആകൃഷ്ടനായ സിംഫ്രോണിയൂസ് നിരവധി സമ്മാനങ്ങളാല്‍ അവളുടെ മനംകവരുവാന്‍ ശ്രമം നടത്തി. എന്നാല്‍ ആഗ്നസിന്‍റെ മറുപടി ഇങ്ങനെയായിരിന്നു, “ദൂരെപോകൂ, മരണത്തിന്റെ ഭക്ഷണമേ, ഞാന്‍ ഇതിനോടകം തന്നെ മറ്റൊരു നാഥനെ കണ്ടെത്തിയിരിക്കുന്നു” (2 Ant.). “സൂര്യനും, ചന്ദ്രനും വണങ്ങുന്ന സൗന്ദര്യത്തോടുകൂടിയവനും മാലാഖമാര്‍ സേവകരുമായിട്ടുള്ളവനുമായ ക്രിസ്തുവുമായി എന്റെ വിവാഹം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അവനുവേണ്ടിയാണ് ഞാന്‍ എന്റെ വിശുദ്ധി കാത്തു സൂക്ഷിച്ചിരിക്കുന്നത്, മുഴുവന്‍ ഹൃദയത്തോടെയും ഞാന്‍ എന്നെതന്നെ അവനു സമര്‍പ്പിക്കുന്നു” (6. Ant.).

“തന്റെ മോതിരത്താല്‍ എന്റെ കര്‍ത്താവായ യേശുക്രിസ്തു എന്നെ മനസമ്മതം ചെയ്തിരിക്കുന്നു, വധുവിന്റെ കിരീടം കൊണ്ട് അവന്‍ എന്നെ മനോഹരിയാക്കിയിരിക്കുന്നു” (3. Ant., Lauds). “എന്റെ വലത്‌കരവും കഴുത്തും വിലകൂടിയ കല്ലുകളാല്‍ ചുറ്റിയിരിക്കുന്നു, അമൂല്യങ്ങളായ മുത്തുകള്‍കൊണ്ടുള്ള കമ്മലുകള്‍ എനിക്ക് സമ്മാനിച്ചിരിക്കുന്നു.” മനോഹരമായി തിളങ്ങുന്ന രത്നങ്ങളാല്‍ അവന്‍ എന്നെ അലങ്കരിച്ചിരിക്കുന്നു.” (2. Ant). കര്‍ത്താവ്‌ എന്നെ സ്വര്‍ണ്ണപട്ടയോട് കൂടിയ വസ്ത്രം ധരിപ്പിച്ചു, വിലകൂടിയ ധാരാളം ആഭരണങ്ങള്‍ കൊണ്ട് എന്നെ മനോഹരിയാക്കിയാക്കി” (4. Ant.). “അവന്റെ വാക്കുകള്‍ എന്നില്‍ തേനും പാലുമായി ഒഴുകി, അവന്റെ രക്തം എന്റെ കവിളുകള്‍ക്ക് ശോണിതാരുണിമ നല്‍കുന്നു” (5. Ant.).

“ഞാന്‍ എന്റെ യേശുവിനെ സ്നേഹിക്കുന്നു, കന്യകയുടെയും, സ്ത്രീ എന്താണെന്ന് അറിയാത്തവന്റെയും പുത്രനായ അവന്റെ സംഗീതം എന്റെ കാതുകള്‍ക്ക് മധുരം പോലെയാണ്. ഞാന്‍ അവനെ സ്നേഹിക്കുമ്പോള്‍ ഞാന്‍ എന്റെ വിശുദ്ധിയോട് കൂടി ഇരിക്കും, ഞാന്‍ അവനെ സ്പര്‍ശിക്കുമ്പോള്‍ എനിക്ക് ശുദ്ധി ലഭിക്കും, ഞാന്‍ അവനെ സ്വന്തമാക്കുമ്പോള്‍ ഞാന്‍ കന്യകയായി തന്നെ തുടരും” (2. Resp.).

അവളുടെ മറുപടിയില്‍ കുപിതനായ സിംഫ്രോണിയൂസ് അവളില്‍ കൂറ്റമാരോപിച്ചു നഗര മുഖ്യനായ തന്റെ പിതാവിനു ഒറ്റിക്കൊടുത്തു. അദ്ദേഹം അവളെ പാപികളായ സ്ത്രീകള്‍ പാര്‍ക്കുന്ന ഭവനത്തില്‍ പാര്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, എന്നാല്‍ വിശുദ്ധ വളരെ ശാന്തതയോട് കൂടി ഇപ്രകാരം പറഞ്ഞു: “എന്റെ ശരീരം സംരക്ഷിക്കുന്നതിനായി എന്റെ കര്‍ത്താവിന്റെ മാലാഖ ഉണ്ട്’” (2. Ant. Lauds). അവളുടെ മറുപടിയില്‍ അരിശം പൂണ്ട മുഖ്യന്‍ അവളെ ആ കുപ്രസിദ്ധിയാര്‍ജ്ജിച്ച ആ ഭവനത്തിലേക്കയക്കുകയും, ആ ഭവനത്തില്‍ പ്രവേശിച്ച ഉടനെ കര്‍ത്താവിന്റെ മാലാഖ അവളുടെ രക്ഷക്കായി നില്‍ക്കന്നത് കണ്ടു” (1. Ant., Lauds). ഒരു പ്രകാശം അവളെ വലയം ചെയ്യുകയും അത് അവളെ സമീപിക്കുവാന്‍ ശ്രമിച്ച എല്ലാവരെയും അന്ധരാക്കുകയും ചെയ്തു.

വിജാതീയനായ ഒരു പുരോഹിതന്‍ അവള്‍ ദുര്‍മന്ത്രവാദിയാണ് എന്ന് ദുരാരോപണം ഉന്നയിച്ചതിനാല്‍ ന്യായാധിപന്‍ അവളെ തീയിലെറിയുവാന്‍ ഉത്തരവിട്ടു. തീജ്വാലകള്‍ തന്നെ വിഴുങ്ങുമ്പോഴും അവള്‍ തന്റെ കൈകള്‍ വിരിച്ചു ദൈവത്തോടു ഇപ്രകാരം പറഞ്ഞു: “ഏറ്റവും വലിയവനും സകല ആരാധനകള്‍ക്കും യോഗ്യനായവനെ, ഞാന്‍ നിന്നെ സ്തുതിക്കുന്നു, നിന്റെ ഏകജാതൻമൂലം ഞാന്‍ ക്രൂരനായ ഭരണാധികാരിയുടെ ഭീഷണിയില്‍ നിന്നും രക്ഷപ്പെടുകയും, സാത്താന്റെ കുടിലതകളെ മറികടക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ സ്നേഹിച്ച, ഞാന്‍ അന്വോഷിച്ച, ഞാന്‍ ആഗ്രഹിച്ച നിന്റെ പക്കലേക്ക് ഞാന്‍ വരുന്നു, എന്നെ കാത്തുകൊള്ളൂക, ഞാന്‍ എന്റെ അധരങ്ങളാല്‍ നിന്നെ വാഴ്ത്തുകയും, പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും കൂടി നിന്നെ ആഗ്രഹിക്കുകയും ചെയ്യുന്നു.”

തീജ്വാലകള്‍ കെട്ടടങ്ങിയപ്പോള്‍ അവള്‍ തുടര്‍ന്നു: “എന്റെ രക്ഷകന്റെ പിതാവായ ദൈവമേ, ഞാന്‍ നിന്നെ സ്തുതിക്കുന്നു, കാരണം നിന്റെ മകന്റെ കാരുണ്യത്താല്‍ എനിക്ക് ചുറ്റുമുണ്ടായിരുന്ന അഗ്നി കെട്ടടങ്ങിയിരിക്കുന്നു” ഞാന്‍ പ്രതീക്ഷിച്ചത്‌ പുല്‍കുവാന്‍ പോവുകയാണ്; ഭൂമിയില്‍ ഞാന്‍ ഏറ്റവുമധികം സ്നേഹിച്ച അവനില്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ഒന്നായി ചേരും” (Ben. Ant.). അനന്തരം അവളുടെ ആഗ്രഹം നിറവേറപ്പെട്ടു. ന്യായാധിപന്‍ അവളെ കഴുത്തറത്തു കൊല്ലുവാന്‍ ഉത്തരവിട്ടു. അങ്ങനെ വിശുദ്ധ ആഗ്നസ് തന്റെ പൂര്‍ണമായ വിശുദ്ധിയോട് കൂടെ രക്തസാക്ഷിത്വ മകുടം ചൂടി.

3 days ago | [YT] | 322

SVM KARUKUTTY

അനുദിനവിശുദ്ധര്‍ : ജനുവരി 20
വി. സെബസ്ത്യാനോസ് (257-288)
പരിശുദ്ധ മറിയവും യൗസേപ്പ് പിതാവും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ വണങ്ങുന്ന വിശുദ്ധരില്‍ ഒരാളാണ് സെബാസ്റ്റിയന്‍ (സെബസ്ത്യാനോസ്). കേരളത്തിലെ നിരവധി ദേവാലയങ്ങള്‍ ഈ വിശുദ്ധന്റെ മധ്യസ്ഥതയിലുള്ളതാണ്. റോമന്‍ സേനയിലെ വെറുമൊരു പടയാളിയായിരുന്ന സെബാസ്റ്റിയന്‍ ലോകമെങ്ങും അറിയപ്പെടുന്ന വിശുദ്ധനായി മാറിയ കഥ ഏതൊരാളെയും വിശുദ്ധ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. സെബാസ്റ്റിയന്‍ വളരെ സമ്പന്നമായ ഒരു റോമന്‍ കുടുംബത്തിലെ അംഗമായിരുന്നു. മിലാനി ലായിരുന്നു വിദ്യാഭ്യാസം. പഠനം പൂര്‍ത്തിയാക്കി റോമന്‍ സൈന്യത്തില്‍ ചേര്‍ന്നു. ചക്രവര്‍ത്തി യുടെ പ്രിയപ്പെട്ട സൈനികരില്‍ ഒരാളായി മാറാന്‍ സെബസ്ത്യാനോസിനു കഴിഞ്ഞു. ക്രൈസ്ത വപീഡന കാലം തുടങ്ങിയതോടെയാണ് സെബസ്ത്യാനോസ് ചക്രവര്‍ത്തിയുമായി അകന്നത്. സൈനിക ജീവിതം അവസാനിപ്പിക്കാന്‍ അദ്ദേഹം തയാറായില്ല. പീഡനങ്ങള്‍ അനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കുവാന്‍ സൈനികന്‍ എന്ന നിലയിലുള്ള തന്റെ അധികാരങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ തടവിലാക്കപ്പെട്ടവരെ സെബസ്ത്യാനോസ് സന്ദര്‍ ശിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. അവര്‍ക്കു വേണ്ടി അദ്ദേഹം പ്രാര്‍ഥിച്ചു. രോഗികളെ സന്ദര്‍ശിക്കുവാനും ദരിദ്രരെ സാമ്പത്തികമായി സഹായിക്കുവാനും അദ്ദേഹം എപ്പോഴും ശ്രമിച്ചു. അങ്ങനെയിരിക്കെ, മാര്‍ക്കസ് എന്നും മര്‍സല്ലിനസ് എന്നും പേരുള്ള രണ്ട് ക്രൈസ്തവ യുവാക്കള്‍ തടവിലാക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ യേശുവിനെ തള്ളിപ്പറയാനും അതുവഴി തടവറയില്‍ നിന്നും പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടുവാനും അവര്‍ സമ്മതിച്ചു. എന്നാല്‍, ഇതറിഞ്ഞ സെബസ്ത്യാനോസ് തടവറയിലെത്തി ഇവരെ ഉപദേശിച്ചു. യേശുവിനെ തള്ളിപ്പറയുന്നതിനെപ്പറ്റി ചിന്തിച്ചുപോയതില്‍ അവര്‍ പശ്ചാത്തപിച്ചു. തടവറയില്‍ കാവല്‍ നിന്നിരുന്ന മറ്റൊരു സൈനികന്റെ ഭാര്യ ഊമയായിരുന്നു. സെബസ്ത്യാനോസ് ഈ സ്ത്രീയെ വിളിച്ച് അവളുടെ നെറ്റിയില്‍ കുരിശു വരച്ചു. ഇതോടെ, അവള്‍ക്ക് സംസാരശേഷി തിരിച്ചുകിട്ടി. ഈ അദ്ഭുതത്തിനു സാക്ഷിയായ ഇരുപതോളം സൈനികരും റോമന്‍ ഗവര്‍ണറും അപ്പോള്‍ തന്നെ യേശുവില്‍ വിശ്വസിച്ച് ക്രൈസ്തവമതം സ്വീകരിച്ചു. ക്രൈസ്തവ വിരോധികളായ ചിലര്‍ സെബസ്ത്യാനോസിന്റെ അദ്ഭുതപ്രവര്‍ത്തികള്‍ ചക്രവര്‍ത്തി യുടെ മുന്നിലെത്തിച്ചു. ക്രൈസ്തവനാകുക എന്നത് മരണം ഉറപ്പാകുന്ന ശിക്ഷയായിരുന്നു അന്ന്. ചക്രവര്‍ത്തി സെബസ്ത്യാനോസിനോട് ജൂപ്പിറ്റര്‍ ദേവനെ ആരാധിക്കുവാന്‍ കല്പിച്ചു. ക്രിസ്തുമതം ഉപേക്ഷിച്ചാല്‍ പല പദവികളും നല്‍കാമെന്നും ധാരാളം പണം സമ്പാദിക്കാനാകു മെന്നും പ്രലോഭനങ്ങളുണ്ടായി. സെബസ്ത്യാനോസ് വഴങ്ങിയില്ല. ഒടുവില്‍ ചക്രവര്‍ത്തി മരണ ശിക്ഷ വിധിച്ചു. സെബസ്ത്യാനോസിനെ ഒരു മരത്തില്‍ ബന്ധിച്ച ശേഷം പടയാളികള്‍ അദ്ദേഹത്തിന്റെ നേരെ അമ്പുകളയച്ചു. ദേഹം മുഴുവന്‍ ശരങ്ങള്‍ കുത്തിക്കയറി. രക്തം വാര്‍ന്നൊഴുകി. അക്ഷമനായി ദൈവത്തെ സ്തുതിച്ചുകൊണ്ട് അദ്ദേഹം ശരങ്ങളേറ്റുവാങ്ങി. ഒടുവില്‍ അദ്ദേഹത്തിന്റെ കണ്ണുകള ടഞ്ഞു. സെബസ്ത്യാനോസ് മരിച്ചുവെന്നു കരുതി സൈനികള്‍ സ്ഥലം വിട്ടു. ക്രൈസ്തവ വിശ്വാസിയായ ഒരു സ്ത്രീ രഹസ്യമായി അദ്ദേഹത്തിന്റെ മൃതദേഹമെടുത്ത് അടക്കം ചെയ്യാനായി വന്നു. വിശുദ്ധന്‍ മരിച്ചിട്ടില്ലെന്നു കണ്ടെത്തി അവര്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചു. എന്നാല്‍, ഈ സംഭവം ഉടന്‍തന്നെ ചക്രവര്‍ത്തിയുടെ ചെവിയിലെത്തി. അദ്ദേഹം ഇരുമ്പുവടി കൊണ്ട് അടിച്ച് വിശുദ്ധനെ കൊല്ലാന്‍ ഉത്തരവിട്ടു. അപ്രകാരം വലിയ ഇരുമ്പുലക്ക കൊണ്ടുള്ള അടിയേറ്റ് ആ വിശുദ്ധന്‍ മരണമേറ്റുവാങ്ങി.

4 days ago | [YT] | 293

SVM KARUKUTTY

അനുദിനവിശുദ്ധര്‍ : ജനുവരി 19
വി. ജെര്‍മാനികസ് (രണ്ടാം നൂറ്റാണ്ട്)

രണ്ടാം നൂറ്റാണ്ടില്‍, ആദിമസഭയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച ബാലനാണ് ജെര്‍മാനികസ്. ഈ വിശുദ്ധനെ കുറിച്ചു വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ ഇന്ന് അറിവുള്ളു. വിശുദ്ധനും സഭാ പിതാക്കന്‍മാരിലൊരാളുമായ പോളികാര്‍പ്പിന്റെ രക്തസാക്ഷിത്വ ത്തെകുറിച്ചുള്ള ഒരു പ്രാചീന ഗ്രന്ഥത്തിലാണ് ജെര്‍മാനികസിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചു പരാമര്‍ശിക്കുന്നത്.ഇന്നത്തെ തുര്‍ക്കി യുടെ ഭാഗമായ ഇസ്മിര്‍ പണ്ട് സ്മിര്‍ന എന്ന പ്രാചീന നഗരമാ യിരുന്നു. ക്രിസ്തുമതവിശ്വാസികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്ന സമയത്ത്, യേശുവില്‍ വിശ്വസിച്ചതിന്റെ പേരിലാണ് ജെര്‍മാനികസ് പിടിയിലാകുന്നത്. തന്റെയൊപ്പം തടവിലായ ക്രൈസ്തവ വിശ്വാസികള്‍ക്കു ധൈര്യം പകര്‍ന്നുകൊടുത്തത് കൗമാരപ്രായക്കാരനായ ജെര്‍മാനികസായിരുന്നു. മറ്റാരും 'തെറ്റ്' ആവര്‍ത്തിക്കാതിരിക്കാന്‍ പരസ്യമായി, വളരെ ക്രൂരമായ രീതിയിലാണ് അക്കാലത്ത് വധശിക്ഷ നടപ്പാക്കിയിരുന്നത്. പീഡനങ്ങള്‍ കൂടുമ്പോള്‍ ആളുകള്‍ ആര്‍ത്ത് അട്ടഹസിച്ച് കയ്യടിക്കും. കൂടുതല്‍ കയ്യടി കിട്ടാന്‍ ആരാച്ചാര്‍ കൂടുതല്‍ പാകൃതമായ രീതികള്‍ തിരയും. ജെര്‍മാനികസിനെ വധിക്കുവാന്‍ തിരഞ്ഞെടുത്ത സ്ഥലം തുറസായ ഒരു വലിയ പൊതുനാടകശാലയായിരുന്നു. വധശിക്ഷ നടപ്പാക്കുന്നതു കാണാന്‍ വന്‍ജനാവലി തടിച്ചുകൂടി. വന്യമൃഗങ്ങളെ കൊണ്ട് ആക്രമിപ്പിച്ച് ജെര്‍മാനികസിനെ കൊല്ലുവാനായിരുന്നു പദ്ധതി. എന്നാല്‍, കാട്ടുമൃഗങ്ങള്‍ ജെര്‍മാനികസിനെ ഒന്നും ചെയ്തില്ല. തന്നെ ആക്രമിക്കാന്‍ വേണ്ടി ജെര്‍മാനികസ് തന്നെ അവരെ പ്രകോപിപ്പിച്ചു. എന്നാല്‍, അവ നിശ്ശബ്ദമായി നിന്നതേയുള്ളു. കാഴ്ചക്കാര്‍ അമ്പരന്നു. പടയാളികളും ന്യായാധിപനും ഇളിഭ്യരായി. മരണം ഏറ്റെടുക്കാന്‍ തന്നെ അനുവദി ക്കണമേയെന്നു ജെര്‍മാനികസ് യേശുവിനോടു പ്രാര്‍ഥിച്ചു. പിന്നീട് കാട്ടുമൃഗങ്ങളെ ജെര്‍മാനികസ് കൂടുതല്‍ പ്രകോപിപ്പിച്ചു. ഒടുവില്‍ അവര്‍ അവനെ ആക്രമിച്ചു കൊന്നു.

5 days ago | [YT] | 206

SVM KARUKUTTY

അനുദിനവിശുദ്ധര്‍ : ജനുവരി 18
വി. മാര്‍ഗരറ്റ് (1242-1271)

ഹംഗറിയിലെ രാജാകുമാരിയായിരുന്നു മാര്‍ഗരറ്റ്. മഹാനായ ബൈസെന്റൈന്‍ ചക്രവര്‍ത്തിയുടെ കൊച്ചുമകള്‍. ഹംഗറിക്കു നേരെ തുര്‍ക്കികളുടെ ആക്രമണമുണ്ടായപ്പോള്‍ മാര്‍ഗരറ്റിന്റെ പിതാവായ ബെലാ നാലാമന്‍ രാജാവ് തനിക്കുണ്ടാവുന്ന അടുത്ത കുഞ്ഞിനെ ദൈവത്തിനു സമര്‍പ്പിക്കുമെന്നു പ്രതിജ്ഞയെടുത്തു. യുദ്ധത്തില്‍ ഹംഗറി വിജയിച്ചതോടെ രാജാവ് പ്രതിജ്ഞ നിറവേറ്റാന്‍ തയാറായി. അങ്ങനെ മാര്‍ഗരറ്റ് മൂന്നാം വയസില്‍ ഡൊമിനികന്‍ സഭയില്‍ സമ ര്‍പ്പിക്കപ്പെട്ടു. പത്താം വയസില്‍ മാര്‍ഗരറ്റിനെ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള കോണ്‍വന്റിലേക്ക് മാറ്റി.തന്റെ ശിഷ്ടകാലം മാര്‍ഗരറ്റ് ഈ മഠത്തിലാണ് ചെലവഴിച്ചത്. വിവാഹപ്രായമെത്തിയപ്പോള്‍ ബെലാ രാജാവ് മകള്‍ക്കു വേണ്ടി ഒരു ആലോചന കൊണ്ടുവന്നു. ബൊഹീമിയയിലെ ഒട്ടോക്കര്‍ രണ്ടാമന്‍ രാജാവുമായുള്ള ബന്ധത്തിന് പക്ഷേ, മാര്‍ഗരറ്റ് സമ്മതം മൂളിയില്ല. താന്‍ യേശുവിനു വേണ്ടി ജീവിച്ചു മരിക്കുമെന്ന് അവള്‍ പ്രതിജ്ഞയെടുത്തു. പതിനെ ട്ടാം വയസില്‍ മാര്‍ഗരറ്റ് വ്രതവാഗ്ദാനം നടത്തി. രാജകുമാരിയായിരുന്നതിനാല്‍ മഠത്തിലുള്ള മറ്റു സന്യാസിനികള്‍ ചില പ്രത്യേക പരിഗണനകള്‍ മാര്‍ഗരറ്റിനു കൊടുത്തിരുന്നു. എന്നാല്‍, മറ്റുള്ള വരെക്കാള്‍ ഒരു പടി താഴെ നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നു പറഞ്ഞ് അവള്‍ എല്ലാം നിരസിച്ചു. മഠത്തിലെ അടുക്കളജോലികള്‍ മാര്‍ഗരറ്റ് ഏറ്റെടുത്തു ചെയ്തു. മറ്റെല്ലാവരും ചെയ്യാന്‍ മടിക്കുന്ന കഠിനമായ ജോലികള്‍ സന്തോഷത്തോടെ ചോദിച്ചു വാങ്ങി മാര്‍ഗരറ്റ് ചെയ്യുമായിരുന്നു. മറ്റു സന്യാസിനികള്‍ക്കും ആ പ്രദേശത്തെ ജനങ്ങള്‍ക്കും മാര്‍ഗരറ്റ് ഒരു അദ്ഭുതമായിരുന്നു. അവള്‍ കഠിനമായ വ്രതങ്ങളെടുത്തു. യേശുവിനു വേണ്ടി വേദന സഹിക്കുവാന്‍ മാര്‍ഗരറ്റ് സ്വയം പീഡിപ്പിക്കുമായിരുന്നു. അതേസമയം തന്നെ പാവപ്പെട്ടവരെ സഹായിക്കുവാനും അവരോടൊ ത്തു കഴിയുവാനും അവള്‍ ശ്രമിച്ചു. നിരവധി അദ്ഭുതങ്ങള്‍ യേശുവിന്റെ നാമത്തില്‍ മാര്‍ഗരറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരിക്കല്‍ മരിച്ചുപോയ ഒരാളെ ഉയിര്‍പ്പിച്ചെന്നും വിശ്വസിക്കപ്പെടുന്നു. വിശുദ്ധപദവി നല്‍കുന്ന സമയത്ത് 27 അദ്ഭുതപ്രവര്‍ത്തികള്‍ പരിഗണിക്കപ്പെട്ടു. 1271ലായിരുന്നു മാര്‍ഗരറ്റിന്റെ മരണം. 1943 ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ മാര്‍ഗരറ്റിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

6 days ago | [YT] | 269

SVM KARUKUTTY

അനുദിനവിശുദ്ധര്‍ : ജനുവരി 17
വിശുദ്ധ അന്തോണീസ്

‘സന്യാസികളുടെ പിതാവ്‌’ എന്നറിയപ്പെടുന്ന മഹാനായ വിശുദ്ധ അന്തോണിയുടെ സ്ഥാനം വളരെ വലുതാണ്. ഏതാണ്ട് 250-ല്‍ മധ്യ-ഈജിപ്തിലാണ് വിശുദ്ധന്‍ ജനിച്ചത്‌. വളരെ ശ്രേഷ്ഠരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. അവരുടെ പെട്ടെന്നുള്ള മരണത്തോടെ വിശുദ്ധന്‍ തന്നെതന്നെ പൂര്‍ണ്ണമായും അനശ്വരതക്കര്‍ഹമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വജീവിതം സമര്‍പ്പിച്ചു.

ഒരിക്കല്‍ ദേവാലയത്തിലായിരിക്കുമ്പോള്‍ അദ്ദേഹം ഒരു സുവിശേഷ വാക്യം ശ്രവിക്കുവാനിടയായി,ഇപ്രകാരമായിരിന്നു അത്, “നീ പൂര്‍ണ്ണനാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക.” (മത്തായി 19:21) ഈ വാക്യം ക്രിസ്തു നേരിട്ട് തന്നോട്‌ വ്യക്തിപരമായി ആവശ്യപ്പെടുന്നതായി വിശുദ്ധനു തോന്നി. ഒട്ടും വൈകാതെ തന്നെ വിശുദ്ധന്‍ തന്റെ സ്വത്തെല്ലാം വിറ്റ് ദരിദ്രര്‍ക്ക്‌ കൊടുത്തു. ഏതാണ്ട് 270-ല്‍ ദൈവീക ജീവിതത്തിനായി മരുഭൂമിയിലേക്ക്‌ പോയി. ക്ഷീണമനുഭവിക്കുമ്പോള്‍ അദ്ദേഹം കിടന്നിരുന്ന കിടക്ക ഉറച്ച പാറയായിരുന്നു. അദ്ദേഹം തന്നെതന്നെ കഠിനമായ സഹനങ്ങള്‍ക്ക് വിധേയനാക്കി. വെറും അപ്പവും, ഉപ്പും മാത്രമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. വെറും വെള്ളം മാത്രം കുടിക്കുകയും ചെയ്തിരുന്നു. സൂര്യാസ്തമനത്തിനു മുന്‍പ്‌ വിശുദ്ധന്‍ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. രാവും പകലും പ്രാര്‍ത്ഥനകളുമായി രണ്ടു ദിവസത്തോളം ഒരു ഭക്ഷണവും കഴിക്കാതെ അദ്ദേഹം കഴിച്ചുകൂട്ടിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

നിരന്തരമായി വിശുദ്ധന്‍ പൈശാചിക ആക്രമണങ്ങള്‍ക്ക് വിധേയനായിരുന്നു, പക്ഷേ ഇവയെല്ലാം വിശുദ്ധന്റെ നന്മയും ഭക്തിയും കൂട്ടുവാനേ ഉപകരിച്ചുള്ളു. സ്വയം സ്വീകരിക്കുന്ന ദാരിദ്ര്യം, ക്രിസ്തുവിനോടുള്ള അടിയുറച്ച സ്നേഹം, എളിമ, ഉപവാസം കുരിശടയാളം" എന്നിവ വഴിയായി സാത്താനെ തോല്‍പ്പിക്കാന്‍ അദ്ദേഹം തന്റെ ശിഷ്യരോട് ആഹ്വാനം ചെയ്തു.

356-ല്‍ വിശുദ്ധനു 105 വയസ്സ് പ്രായമായപ്പോള്‍ ചെങ്കടലിന് സമീപമുള്ള കോള്‍സീന്‍ പര്‍വ്വതത്തില്‍ വെച്ച് വിശുദ്ധന്‍ മരണപ്പെട്ടു. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ സുഹൃത്തും, നിര്‍ഭയനുമായിരുന്ന മെത്രാന്‍ വിശുദ്ധ അത്തനാസിയൂസ് വിശുദ്ധ അന്തോണിയുടെ ജീവചരിത്രമെഴുതി. ഇത് നൂറ്റാണ്ടുകളോളം സന്യസ്തരുടെ ഇതിഹാസ ഗ്രന്ഥമായി തുടര്‍ന്നു.

വിശുദ്ധ അന്തോണിയുടെ കാഴ്ചപ്പാടില്‍ സന്യാസജീവിതത്തിന്റെ ലക്ഷ്യം, ശരീരത്തെ നശിപ്പിക്കുകയെന്നല്ല, മറിച്ച് അതിനെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന്, ദൈവം നല്‍കിയിട്ടുള്ള കാരുണ്യവുമായി സമന്വയിപ്പിക്കുകയെന്നതാണ്.

ഏതാണ്ട് 20 വര്‍ഷത്തോളം വിശുദ്ധ അന്തോണി ഏകാന്തവാസം നയിച്ചു. ഒരു വേദനയും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നില്ല, ഒരു സന്തോഷവും അദ്ദേഹത്തെ അന്ധനാക്കിയിരുന്നുമില്ല. ആളുകളുടെ വശ്യതയാര്‍ന്ന പ്രശംസാ വാചകങ്ങളോ അഭിനന്ദനങ്ങളോ അദ്ദേഹത്തെ ഇളക്കിയിരുന്നില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ ലോകത്തിലെ പൊങ്ങച്ചങ്ങള്‍ക്കൊന്നും വിശുദ്ധനെ സ്വാധീനിക്കുവാന്‍ കഴിഞ്ഞിരുന്നില്ല, ആന്തരികമായ ശാന്തതയും, സൗഹാര്‍ദ്ദവും അനുഭവിച്ചുകൊണ്ട്, യുക്തിബോധത്താല്‍ നയിക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു വിശുദ്ധന്‍.

“നാം തുടങ്ങിവെച്ചിരിക്കുന്ന ദൗത്യം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ്‌ തളരാതിരിക്കുക എന്നത് നമ്മുടെ ഏറ്റവും പ്രധാന ലക്ഷ്യമായിരിക്കണം. ക്ലേശത്തിന്റേയും സഹനത്തിന്റേയും നാളുകളില്‍ നമ്മുടെ ധൈര്യം ഒട്ടും തന്നെ കൈവിടാതെ നാം പറയണം: എന്റെ മക്കളെ, നമുക്ക്‌ നമ്മുടെ സന്യാസജീവിതത്തെ സംരക്ഷിക്കാം. ആയതിനാല്‍ നമുക്ക്‌ ക്ഷീണിതരും, ഹൃദയം നുറുങ്ങിയവരുമാകാതിരിക്കാം, എപ്പോഴും നാം നമ്മുടെ കണ്‍മുന്‍പില്‍ മരണത്തെ കുറിച്ചുള്ള ചിത്രവുമായി ജീവിക്കുകയാണെങ്കില്‍, നാം പാപം ചെയ്യുകയില്ല. അപ്പസ്തോലന്‍മാരുടെ വാക്കുകള്‍ നമ്മോടു പറയുന്നത്."

"നാം വൈകിട്ട് വരെ ജീവിച്ചിരിക്കില്ല എന്ന ബോധ്യത്തോടു കൂടിവേണം ഓരോ ദിവസവും രാവിലെ നാം എഴുന്നേല്‍ക്കേണ്ടത്, രാവിലെ എഴുന്നേല്‍ക്കുകയില്ല എന്ന ബോധ്യത്തോടുകൂടിവേണം രാത്രി ഉറങ്ങാന്‍ കിടക്കേണ്ടത്. കാരണം നമ്മുടെ ജീവിതത്തേ ക്കുറിച്ച് യാതൊരു ഉറപ്പുമില്ല. നാം ഇത് മനസ്സിലാക്കി ജീവിക്കുകയും അപ്പസ്തോലന്മാരുടെ വാക്കുകള്‍ അനുസരിക്കുകയും ചെയ്യുകയാണെങ്കില്‍, നമ്മള്‍ പാപത്തില്‍ വീഴുകയില്ല; ഒരാഗ്രഹവും നമ്മെ തടവിലാക്കുകയില്ല, ഒരു കോപവും നമ്മെ ഇളക്കുകയില്ല, ഒരു നിധിയും നമ്മെ ഇഹലോകവുമായി ബന്ധിപ്പിക്കുകയില്ല; സ്വതന്ത്രമാക്കപ്പെട്ട ഹൃദയവുമായി നമുക്ക്‌ മരണത്തെ നേരിടുവാന്‍ സാധിക്കും.” സന്യാസിന്മാരോടായി വിശുദ്ധന്‍ പറഞ്ഞ വാക്കുകളാണിവ.

1 week ago | [YT] | 221

SVM KARUKUTTY

അനുദിനവിശുദ്ധര്‍ : ജനുവരി 16
വിശുദ്ധ ജോസഫ്‌ വാസ്

ഗോവയിലെ ബെനോലിം എന്ന സ്ഥലത്ത് 1651 ഏപ്രില്‍ 21ന് വിശുദ്ധ ജോസ്ഫ് വാസ് ജനിച്ചു. ക്രിസ്റ്റഫര്‍ വാസിന്റെയും മരിയ മിരാന്‍ഡയുടെയും മൂന്നാമത്തെ പുത്രനായ ജോസഫ് ഏഷ്യ കണ്ട ഏറ്റവും മഹാനായ മിഷനറിയായിരുന്നു.
1676-ല്‍ ഗോവ ആര്‍ച്ചുബിഷപ്പ് മോണ്‍. അന്റോണിയോ ബ്രാണ്ടോയില്‍നിന്നു പൗരോഹിത്യം സ്വീകരിക്കുമ്പോള്‍ ജോസഫിന് 25 വയസ്സായിരുന്നു. 1681-ല്‍ മിഷന്‍ പ്രവര്‍ത്തനത്തിനായി അദ്ദേഹം കാനറായിലേക്കു തിരിച്ചു. അവിടെനിന്ന് അധികം താമസിയാതെ സിലോണിലുള്ള കാന്‍ഡിയിലെത്തി പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി. പ്രതികൂലകാലാവസ്ഥയും ജനങ്ങളുടെ സംശയങ്ങളും ജയില്‍വാസവും ഒന്നും വകവയ്ക്കാതെ സുധീരം സുവിശേഷം പ്രസംഗിച്ചുകൊണ്ട് അദ്ദേഹം മഹാനായ ഒരു മിഷനറിയായി വളര്‍ന്നു.
ക്രിസ്ത്യന്‍ സന്യാസത്തിന്റെ ഭാരതവല്‍കരണത്തിനു മുമ്പുതന്നെ ഭാരതീയ സന്യാസവുമായി ക്രിസ്ത്യന്‍ സന്യാസത്തെ അനായാസം ലയിപ്പിക്കാനാകുമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിനു ഭാഷപോലും പ്രശ്‌നമായിരുന്നില്ല. സിംഹളഭാഷ പഠിക്കുക മാത്രമല്ല, തന്റെ സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി ഒരു സിംഹള-ഇംഗ്ലീഷ് നിഘണ്ടുതന്നെ അദ്ദേഹം നിര്‍മ്മിച്ചു. ഇത്തരം സോദ്ദേശപ്രവര്‍ത്തനങ്ങള്‍ വഴി അദ്ദേഹം അക്രൈസ്തവരുടെ സഹകരണവും വിശ്വാസവും നേടിയെടുത്തു. പണ്ഡിതന്റെയും പാമരന്റെയും ധനാഢ്യന്റെയും ദരിദ്രരുടെയും മുമ്പില്‍ ഒരു 'സമ്പൂര്‍ണ്ണ മാതൃകാ മിഷനറി'യായിത്തീര്‍ന്നു.
ലോകത്തിന്റെ നാനാഭാഗങ്ങളിലും മിഷനറി പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനായി മിഷനറിമാരെ വാര്‍ത്തെടുക്കുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ടുതന്നെ (Oratory of the cross of Meracles of old Goa) അദ്ദേഹം ആരംഭിച്ചു. ശ്രീലങ്കയിലെ സഭയെ തളരാതെ പിടിച്ചുനിര്‍ത്തിയത് മിഷനറിമാരുടെ ഈ കൂട്ടായ യജ്ഞമാണ്.
പരിശുദ്ധ മാതാവിനോടുള്ള ഫാ. ജോസഫിന്റെ സ്‌നേഹാദരവുകള്‍ വളരെ വ്യത്യസ്തമായിരുന്നു. ഒരിക്കല്‍ എഴുതി. "കന്യകയായ ദൈവമാതാവിന് ഞാന്‍ സ്വയം ഒരു അടിമയായി സമര്‍പ്പിക്കുന്നു."
അദ്ദേഹത്തിന്റെ മരണവും ജീവിതംപോലെതന്നെ ശാന്തസുന്ദരമായിരുന്നു. കത്തിച്ച ഒരു മെഴുകുതിരി കൈയില്‍ പിടിച്ച് യേശുവിന്റെ മധുരമായ നാമം ഉരുവിട്ടുകൊണ്ട്, ചുറ്റും പ്രകാശം പരത്തുന്ന ഒരു മെഴുകുതിരി ക്രമേണ എരിഞ്ഞുതീരുന്നതുപോലെ 1711 ജനുവരി 16 വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്കുമുമ്പ് ആ ദീപം അണഞ്ഞു.
കൃത്യം 284 വര്‍ഷത്തിനുശേഷം 1995 ജനുവരി 21-ന് പോപ്പ് ജോണ്‍ പോള്‍ II ഫാ. ജോസഫ് വാസിനെ 'വാഴ്ത്തപ്പെട്ടവന്‍' എന്നു നാമകരണം ചെയ്തു. കൊളംബോയിലെ ഗാലെ ഫെയ്‌സ് ഗ്രീനില്‍ നടന്ന ഒരു ഓപ്പണ്‍ എയര്‍ മാസ് ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 2015 ജനുവരി 14 ന് അദ്ദേഹത്തെ കാനോനൈസ് ചെയ്തു.

1 week ago | [YT] | 169

SVM KARUKUTTY

അനുദിനവിശുദ്ധര്‍ : ജനുവരി 15
ആദ്യ ക്രിസ്ത്യന്‍ സന്യാസിയായ വിശുദ്ധ പൗലോസ്

ക്രിസ്തുവിനേ പ്രതി, ഏകാന്ത വാസത്തിന്റേയും മരുഭൂമിയിലെ ജീവിതത്തിന്റെയും സകല ദുരിതങ്ങളും അനുഭവിച്ചുകൊണ്ട് പ്രാര്‍ഥനയിലൂടെ മുന്നേറിയ വിശുദ്ധ പൗലോസിന്‍റെ വിശ്വാസ തീക്ഷ്ണത ക്രൈസ്തവരായ നാമെല്ലാവര്‍ക്കും വലിയ ഒരു മാതൃകയാണ്. പ്രാര്‍ത്ഥനയുടെ ഏറ്റവും മഹത്തായ വക്താക്കളായ സന്യാസിമാരുടെ ജീവിതം ആദരിക്കപ്പെടേണ്ട ഒന്നാണ്. ആദ്യത്തെ ക്രിസ്ത്യന്‍ സന്യാസിയെന്നാണ് വിശുദ്ധ പൌലോസിനെ ദൈവശാസ്ത്ര പണ്ഡിതര്‍ വിളിക്കുന്നത്.

പലവിധ പ്രശ്നങ്ങളാലും, വിശ്വാസപരമായ ഭിന്നതയാലും തിരുസഭ കഷ്ടപ്പെട്ടമ്പോള്‍ സന്യസ്ഥരുടെ പ്രാര്‍ത്ഥനകളാണ് തിരുസഭയുടെ രക്ഷക്കെത്തിയിരുന്നത്. തിരുസഭയില്‍ ആശ്രമജീവിതത്തിനും, സന്യാസസഭകളുടെ രൂപീകരണത്തിനും കാരണമായത് വിശുദ്ധ പൌലോസ് ശ്ലീഹായേ പോലുള്ളവരുടെ മഹത്തായ വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിശുദ്ധനെ കുറിച്ച് ആത്മീയോന്നതി നല്‍കുന്ന ഒരു ഐതിഹ്യം സഭാരേഖകളില്‍ കാണാവുന്നതാണ്.

വാര്‍ദ്ധക്യ കാലഘട്ടത്തില്‍ വിശുദ്ധ ആന്‍റണി ദൈവീക പ്രേരണയാല്‍ വിശുദ്ധ പൗലോസിനെ സന്ദര്‍ശിക്കുവാന്‍ തീരുമാനിക്കുന്നു. ഇവര്‍ ഇതിനുമുന്‍പൊരിക്കലും കണ്ടിരുന്നില്ല. പക്ഷെ കണ്ടുമുട്ടിയപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു പരിചിതരെപ്പോലെ സുദീര്‍ഘമായി സംസാരിക്കുവാന്‍ ഇടയായി. വിശുദ്ധന് പതിവായി പകുതിയോളം അപ്പം ഭക്ഷണമായി കൊണ്ടു വന്നിരുന്ന വലിയ കാക്ക അന്ന് പതിവിനു വിപരീതമായി മുഴുവന്‍ അപ്പവും കൊണ്ട് വന്നു.

കാക്ക പറന്നുപോയതിനു ശേഷം വിശുദ്ധ പൌലോസ് വിശുദ്ധ ആന്‍റണിയോട് ഇങ്ങനെ പറയുകയുണ്ടായി, "നമുക്ക് ഭക്ഷണം കൊടുത്തയച്ചിരിക്കുന്ന ദൈവം എത്രമാത്രം നന്മയും കരുണയുള്ളവനുമാണെന്ന് നോക്കൂ, കഴിഞ്ഞ 60 വര്‍ഷമായി എല്ലാ ദിവസവും എനിക്ക് പകുതി അപ്പം മാത്രമാണ് കിട്ടികൊണ്ടിരുന്നത്, എന്നാല്‍ ഇന്ന് അങ്ങയുടെ വരവോടെ യേശു തന്റെ ദാസന്‍മാരുടെ ഭക്ഷണം ഇരട്ടിപ്പിച്ചിരിക്കുന്നു."

രാത്രിമുഴുവനും അവര്‍ ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തി. നേരം വെളുത്തപ്പോള്‍ വിശുദ്ധ പൗലോസ്, വിശുദ്ധ അന്തോണിയോട് തന്റെ ആസന്നമായ മരണത്തെ കുറിച്ചറിയിക്കുകയും, വിശുദ്ധ അത്തനാസിയൂസില്‍ നിന്നും തനിക്ക് ലഭിച്ച മേലങ്കി അണിയുവാനായി എടുത്ത് കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. അപ്രകാരം ചെയ്ത വിശുദ്ധ അന്തോണി തിരികെ പോകാനിറങ്ങിയപ്പോള്‍ വിശുദ്ധ പൌലോസ് ശ്ലീഹാ അപ്പൊസ്തോലന്മാരാലും മാലാഖ വൃന്ദത്താലും ചുറ്റപ്പെട്ട് സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെടുന്നതായി കണ്ടു.

376-ല്‍ വിശുദ്ധ ജെറോം എഴുതിയ "സന്യാസിയായ പൗലോസിന്റെ ജീവിതം" (The life of Paul the Hermit) എന്ന ഗ്രന്ഥത്തില്‍ വിശുദ്ധനെ കുറിച്ചുള്ള മറ്റ് നിരവധി അനുഭവകഥകളും കാണാവുന്നതാണ്.

1 week ago | [YT] | 201